ഗയാന: മോശം പ്രകടനമെന്ന് സ്വയം വിലയിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വെസ്റ്റ്ഇന്‍ഡീസ് ബാറ്റസ്മാന്‍ ശിവ് നാരായണ്‍ ചന്ദര്‍പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ചത് കൊണ്ട് ചന്ദര്‍പോളിനെ തഴഞ്ഞിരുന്നു. ചന്ദര്‍പോളിന്റെ കരാര്‍ പുതുക്കാനും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകാത്തത് കൊണ്ടാണ് ചന്ദര്‍പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനായി ടെസ്റ്റില്‍ ഏറ്റവുമാധികം റണ്‍ നേടുന്ന താരമെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിന് തൊട്ടരികില്‍ വെച്ചാണ് ചന്ദര്‍പോള്‍ വിരമിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ് . ലാറയ്ക്ക് വെറും 86 റണ്‍സ് അകലെ മാത്രമാണ് ചന്ദര്‍പോള്‍. 11,912 റണ്‍സാണ് ലാറയുടെ സമ്പാദ്യം. ചന്ദര്‍പോളിന്റേതാകട്ടെ 164 ടെസ്റ്റില്‍ നിന്ന് 11,867 റണ്‍സും. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി 100 ടെസ്റ്റ് കളിക്കുന്ന ഏക ഇന്ത്യന്‍ വംശജനാണ് ചന്ദര്‍പോള്‍. 1974 ആഗസ്റ്റ്16ന് ഗയാനയിലായിരുന്നു ചന്ദര്‍പോളിന്റെ ജനനം. 1994ല്‍ 19ാം വയസില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ചന്ദര്‍പോളിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ഏകദിനത്തിലെ അരങ്ങേറ്റം 1994 തന്നെ ഇന്ത്യക്കെതിരെ ആയിരുന്നു. 268 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ച്വറി അടക്കം 8778 റണ്‍സാണ് ചന്ദര്‍പോള്‍ സ്വന്തമാക്കിയത്. 150 ആണ് ഉയര്‍ന്ന സ്‌കോര്‍. 2008ലെ ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുത്തത് ചന്ദര്‍പോളിനെയായിരുന്നു.