ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരില്‍ ഏതാനും എഴുത്തുകാര്‍ പുരസ്‌കാരം മടക്കി വാങ്ങാന്‍ തയ്യാറായതായി സാഹിത്യ അക്കാദമി അറിയിച്ചു. പുരസ്‌കാരം തിരിച്ചു നല്‍കിയവരില്‍ ഏതാനും പേര്‍ പുരസ്‌കാരം തിരിച്ചു വാങ്ങാന്‍ തയ്യാറായിരിക്കുന്നു. നയന്‍താര സെഹ്ഗാളിന് പുരസ്‌കാരം തിരിച്ചയച്ചതായും അക്കാദമി അധികൃതര്‍ പറഞ്ഞു. നയന്‍താരയ്ക്കു പുറമേ പ്രമുഖ എഴുത്തുകാരനായ നന്ദ് ഭരദ്വാജിനും പുരസ്‌കാരം തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് രാജ്യത്തെ 40ലധികം സാഹിത്യകാരാണ് തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്. ഒക്ടോബറില്‍ ചേര്‍ന്ന സാഹിത്യ അക്കാദമി യോഗത്തിലെ തീരുമാനങ്ങളുടെ പകര്‍പ്പും ഇവര്‍ക്ക് അയച്ചുകൊടുക്കും. പുരസ്‌കാരങ്ങള്‍ തിരിച്ചുവാങ്ങുന്നതിന് ഭരണഘടനാപരമായ അധികാരമില്ലെന്നായിരുന്നു യോഗത്തിലെ തീരുമാനം.