ചന്ദ്രബോസ് വധക്കേസില്‍ മുഹമദ് നിഷാമിന് ജീവപര്യന്തം; 80 ലക്ഷം പിഴയും; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

തൃശൂര്‍: ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് വീഴ്ത്തിയശേഷം മര്‍ദ്ധിച്ചുകൊന്ന കേസില്‍ കുറ്റക്കാരനായ മുഹമദ് നിഷാമിന് ജീവപര്യന്തം തടവിന് തൃശൂര്‍ അഡീഷല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. കൂടാതെ 80.30 ലക്ഷം രൂപ പിഴയും. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം. നിഷാമിനെതിരെ ഒമ്പത് വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഇതില്‍ രണ്ട് വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു. ഏഴു വകുപ്പുകളിലും നിഷാം കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ നല്‍കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക് ഇരച്ചെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിന്റെ ശരീരത്തിലേക്ക് പാഞ്ഞ് കയറിയത്. അരിശം അവസാനിക്കാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചു. നുറുങ്ങിയ ശരീരത്തിലെ ശേഷിക്കുന്ന ജീവെന്റെ തുടിപ്പ് ഫെബ്രുവരി 16ന് നിലച്ചു. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യമായിരുന്നു ചന്ദ്രബോസിന്റെ വധം. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ചന്ദ്രബോസ് എങ്കില്‍ കേസിലെ പ്രതി മുഹമ്മദ് നിഷാം ഉന്നതസ്വാധീനമുള്ള വ്യവസായ പ്രമുഖനായിരുന്നു. ആക്രമണം നടന്ന രണ്ട് മണിക്കൂറിനുള്ളില്‍ പിടിയിലകപ്പെട്ട നിസാം പിന്നീട് കാപ്പ ചുമത്തപ്പെട്ടതിന്റെ ബലത്തില്‍ ഇതുവരെയും ജയില്‍ മോചിതനായിട്ടില്ല. വിചാരണയുടെ ആദ്യദിനത്തില്‍ ഒന്നാംസാക്ഷി അനൂപിന്റെ തുടര്‍ച്ചയായുള്ള മൊഴിമാറ്റം, നിസാമിന്റെ ഭാര്യ അമലിന്റെ കൂറുമാറ്റം ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമായി. എന്നാല്‍ അര്‍ഹിച്ച ശിക്ഷ തന്നെ നിഷാമിന് കിട്ടിയെന്ന ആശ്വാസത്തിലാണ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍. നിഷാമിന് അര്‍ഹിച്ച ശിക്ഷ കിട്ടിയില്ലെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.