കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിന കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. 25ാം പ്രതിയായ ജയരാജനെതിരെ യുഎപിഎ 18 വകുപ്പുപ്രകാരം കേസ് ചുമത്തി. മനോജിനെ കൊല്ലുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പി. ജയരാജന്റെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പി ജയരാജനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണറിയുന്നത്. ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്‍കിയിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടുതവണ ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആദ്യതവണ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടാം തവണയും പി.ജയരാജന്റെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി ആദ്യഹര്‍ജി തള്ളിയപ്പോള്‍ അപ്പീലിന് പോകാതെ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതിന്റെ കാരണമന്വേഷിക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.