തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ പി ശ്രീകുമാറിന്റെ സ്‌ക്രിപ്റ്റില്‍ കര്‍ണ്ണന്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നതായി മയലാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ്. മമ്മൂട്ടിയായിരുന്നു തന്റെയും മനസ്സിലെ കര്‍ണ്ണന്‍. ബിഗ് ബജറ്റ് സിനിമയായതിനാല്‍ അത്രത്തോളം പണമിറക്കാന്‍ കഴിയുന്ന നിര്‍മ്മാതാക്കളെ കിട്ടാത്തതാണ് കര്‍ണ്ണന്‍ വേണ്ടെന്ന് വെയ്ക്കാന്‍ കാരണമെന്നും ഷാജി പറയുന്നു. അന്‍പത് കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന സിനിമയുടെ തിരക്കഥ 18 വര്‍ഷം മുന്‍പേ എഴുതി തുടങ്ങിയതാണെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. സംവിധായകന്‍ ഷാജി കൈലാസ് ഉള്‍പ്പടെയുള്ള സംവിധായകര്‍ ഈ തിരക്കഥ വായിച്ചിരുന്നുവെന്നും ഹരിഹരനെപ്പോലെയുള്ളവര്‍ സിനിമയെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് ഷാജി കൈലാസ് കേള്‍ക്കുന്നത്. ഗംഭീര തിരക്കഥയാണിത്. ഈ തിരക്കഥ സംവിധാനം ചെയ്യണമെന്ന് എനിക്ക് വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. കാരണം ശ്രീകുമാര്‍ ചേട്ടന്‍ ഈ തിരക്കഥയ്ക്ക് വേണ്ടിയെടുത്ത പഠനത്തെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഷാജി പറയുന്നു. പൃഥ്വിരാജിന്റെ കര്‍ണ്ണനോ മമ്മൂട്ടിയുടെ കര്‍ണ്ണനോ ആദ്യമിറങ്ങുകയെന്ന് മാത്രം നോക്കിയാല്‍ മതിയാകും ഇനി.