വിഖ്യാത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു; സംസ്‌കാരം ഗാന്ധിനഗര്‍ പെട്ടാപ്പൂര്‍ ഫാം ഹൗസില്‍ വൈകിട്ട് അഞ്ചിന്

അഹമദാബാദ്: വിഖ്യാത നര്‍ത്തകിയും വിക്രം സാരഭായിയുടെ സഹധര്‍മ്മിണിയുമായ മൃണാളിനി സാരഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. അഹമദാബാദിലെ വസതിയായ ചിദംബരയില്‍ വച്ചാണ് മരിച്ചത്. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഗാന്ധിനഗര്‍ പെട്ടാപ്പൂര്‍ ഫാം ഹൗസില്‍ നടക്കും. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ ലോകത്തിനു മുമ്പില്‍ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. ലോക പ്രശസ്തിയാര്‍ജ്ജിച്ച ‘ദര്‍പ്പണ’ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. 1949 ല്‍ അഹമ്മദാബാദിലാണ് ഇത് സ്ഥാപിച്ചത്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി. പ്രമുഖ സ്വാതന്ത്ര്യസമര നായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. 2014ലെ പ്രവാസി രത്‌ന അവാര്‍ഡ് നേടിയിട്ടുണ്ട്. മൃണാളനിയുടെ വിയോഗം നൃത്തലോകത്തിന് തന്നെ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.