ന്യൂഡല്‍ഹി: ക്രൂഡോയില്‍ വില താഴോട്ട് പെട്രോളിനും ഡീസലിനും വില കൂട്ടാന്‍ കേന്ദ്രം ആലോചിക്കുന്നു. നരേന്ദ്രമോഡി സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതിക്ക് അധികം പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് വ്യാപിപ്പിക്കുന്നു. പെട്രോളിനും ഡീസലിനും ടെലികോം സേവനങ്ങള്‍ക്കും 0.5 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. മിനറല്‍ ജനറേഷന്‍ പ്ലാന്റുകളില്‍നിന്ന് ഉണ്ടാകുന്ന മാലിന്യങ്ങള്‍ക്ക് ഒരു ശതമാനം സെസ്, സേവനനികുതിക്ക് 0.5ശതമാനം സെസ് എന്നിവ ഈടാക്കാനും പദ്ധതിയിടുന്നുണ്ട്. ദീര്‍ഘകാല സ്വച്ഛ്ഭാരത് ബോണ്ടുകളെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 2, 2014ന് ആരംഭിച്ച ശുചിത്വ പദ്ധതിക്ക് 2019 ആകുമ്പോഴേക്ക് 2.23 ലക്ഷം കോടി രൂപ സമാഹരിക്കണമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
മുന്‍പ് നിലവിലുണ്ടായിരുന്ന പ്ലാനിംഗ് കമ്മീഷന് പകരമായി നരേന്ദ്രമോഡി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗാണ് കൂടുതല്‍ മേഖലകളിലേക്ക് സെസ് വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഹോട്ടലുകളില്‍നിന്നും മറ്റും ഭക്ഷണം വാങ്ങിക്കുമ്പോള്‍ ബില്ലില്‍ സെസ് ഏര്‍പ്പെടുത്താറുണ്ട്. ഇതാണ് ഇപ്പോള്‍ ഇന്ധനത്തിലേക്കും ടെലികോം സേവനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. സെസ് ഏര്‍പ്പെടുത്തുന്നതോടെ പെട്രോളിനും ഡീസലിനും ചെറിയ തോതില്‍ വില വര്‍ദ്ധിക്കും. ടെലികോം സേവനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതോടെ കോള്‍ ചാര്‍ജ്, ഇന്റര്‍നെറ്റ് ഡേറ്റാ നിരക്ക് എന്നിവയിലും ചെറിയ വര്‍ദ്ധന ഉണ്ടായേക്കും. നീതി ആയോഗിന്റെ ശുപാര്‍ശകള്‍ക്ക് കേന്ദ്രധനമന്ത്രാലയം അനുവാദം നല്‍കുകയാണെങ്കില്‍ അടുത്ത ബജറ്റില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപനങ്ങളായി ഉള്‍പ്പെടുത്തിയേക്കും.