വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ അധ്യാപകന്‍ തൊക്കെടുത്തു; രസതന്ത്രവിഭാഗം തലവന്‍ സയ്യിദ് ഹമീദ് ഹുസൈന്‍ ആണ് ഭീകരരോട് പൊരുതി വീരമൃത്യു വരിച്ചത്

ഇസ്‌ലാമാബാദ്; പാക്കിസ്ഥാനിലെ ബച്ചാഖാന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തിനിടെ വിദ്യാര്‍ഥികളെ രക്ഷിക്കാനായി ഭീകരര്‍ക്കെതിരെ അധ്യാപകന്‍ തൊക്കെടുത്തു. രസതന്ത്രവിഭാഗം തലവന്‍ സയ്യിദ് ഹമീദ് ഹുസൈന്‍ ആണ് ഭീകരരോട് പൊരുതി വീരമൃത്യു വരിച്ചത്.

അള്ളാ വലിയവന്‍ എന്നു പറഞ്ഞ് മൂന്നു ഭീകരര്‍ തങ്ങളുടെ ക്ലാസിലേക്ക് ഓടിവരുന്നതാണ് ആദ്യം കണ്ടതെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇതിനിടെ ആരും ഭയപ്പെടേണ്ടെന്നു അധ്യാപകന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടം വിട്ടുപോകരുതെന്ന് അധ്യാപകന്‍ തന്നോടു പറഞ്ഞതായി മറ്റൊരു വിദ്യാര്‍ഥിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഒളിക്കാന്‍ അവസരം ലഭിക്കുന്നതുവരെ പൊരുതിനിന്ന ഈ അധ്യാപകന്‍ ഒടുവില്‍ ഭീകരരുടെ വെടിയേറ്റ് വീഴുകയായിരുന്നു. രണ്ടു ഭീകരര്‍ ആണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഭയന്ന കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുകയായിരുന്നുവെന്നും ദൃസാക്ഷ്‌കളിലൊരാളായ വിദ്യാര്‍ഥി പറഞ്ഞു.ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. 50 പേര്‍ക്കു പരുക്കേറ്റു.

© 2024 Live Kerala News. All Rights Reserved.