തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമദ് നിഷാം കുറ്റക്കാരനെന്ന് തൃശൂര്‍ അഡീ. സെഷന്‍സ് കോടതി. കൊലപാതകം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എല്ലാകുറ്റങ്ങളും തെളിഞ്ഞതായാണ് കോടതിയുടെ വിലയിരുത്തല്‍. ശിക്ഷ നാളെ പ്രഖ്യാപിക്കും. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദം എന്നാല്‍ ചന്ദ്രബോസിന്റേത് അപകടമരണമാണെന്ന വാദമായിരുന്നു പ്രതിഭാഗത്തിന്റേത്. പ്രതിക്ക് ഉയര്‍ന്ന ശിക്ഷതന്നെ ലഭിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക് ഇരച്ചെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിന്റെ ശരീരത്തിലേക്ക് പാഞ്ഞ് കയറിയത്. അരിശം അവസാനിക്കാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചു. നുറുങ്ങിയ ശരീരത്തിലെ ശേഷിക്കുന്ന ജീവെന്റെ തുടിപ്പ് ഫെബ്രുവരി 16ന് നിലച്ചു. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യമായിരുന്നു ചന്ദ്രബോസിന്റെ വധം. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ചന്ദ്രബോസ് എങ്കില്‍ കേസിലെ പ്രതി മുഹമ്മദ് നിഷാം ഉന്നതസ്വാധീനമുള്ള വ്യവസായ പ്രമുഖനായിരുന്നു. ആക്രമണം നടന്ന രണ്ട് മണിക്കൂറിനുള്ളില്‍ പിടിയിലകപ്പെട്ട നിസാം പിന്നീട് കാപ്പ ചുമത്തപ്പെട്ടതിന്റെ ബലത്തില്‍ ഇതുവരെയും ജയില്‍ മോചിതനായിട്ടില്ല. വിചാരണയുടെ ആദ്യദിനത്തില്‍ ഒന്നാംസാക്ഷി അനൂപിന്റെ തുടര്‍ച്ചയായുള്ള മൊഴിമാറ്റം, നിസാമിന്റെ ഭാര്യ അമലിന്റെ കൂറുമാറ്റം ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമായി.