ബീഫ് നിരോധനത്തിന് വിലകൊടുക്കേണ്ടി വരും; ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പേരില്‍ നരേന്ദ്രമോഡിക്കും മനോഹര്‍ പരീക്കറിനും ഭീഷണിക്കത്ത്

ന്യൂഡല്‍ഹി: ബീഫ് നിരോധനത്തിന് തിരിച്ചടിയുണ്ടാകുമെന്ന് കാണിച്ച് ഐസ് ഭീകരരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനും വധഭീഷണിക്കത്ത് വന്നത് ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഗോവ പൊലീസിനാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) കത്തിന്റെ പകര്‍പ്പ് ഗോവ പൊലീസ് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.
‘ബീഫ് കഴിക്കാന്‍ അനുവദിക്കാത്തിടത്തോളം കാലം നിങ്ങള്‍ സൂക്ഷിച്ചിരുന്നോളൂ’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഐഎസ്‌ഐഎസ് എന്ന് കാര്‍ഡിന്റെ താഴേ മാത്രമാണ് എഴുതിയിരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വേ ഒലോന്‍ദ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിയുള്ളതായി ആഭ്യന്തര വൃത്തങ്ങളാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഭീഷണിക്കത്ത് വന്നത് സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങി. രാജ്യത്ത് ഐഎസുമായി ബന്ധമുള്ള മതമൗലീകവാദ സംഘടനകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.