തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജന്റെ ജാമ്യപേക്ഷ ജഡ്ജി വി.ജി. അനില്‍കുമാറാണ് തള്ളിയത്. ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് വീണ്ടും സിബിഐ നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ജയരാജന്റെ ഹര്‍ജിയില്‍ ഇന്നലെയാണ് വാദം പൂര്‍ത്തിയായത്. കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടാം തവണയാണ് പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. ആദ്യതവണ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടാം തവണയും പി.ജയരാജന്റെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി ആദ്യഹര്‍ജി തള്ളിയപ്പോള്‍ അപ്പീലിന് പോകാതെ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതിന്റെ കാരണമന്വേഷിക്കുകയും ചെയ്തിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.