ലണ്ടന്‍: ഇംഗ്ലീഷ് അറിയാത്ത മുസ്‌ലിം വനിതകളെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇംഗ്ലീഷിലുള്ള പരിജ്ഞാനക്കുറവ് ആളുകള്‍ ഇസിസ് പോലുള്ള ഗ്രൂപ്പുകള്‍ നല്‍കുന്ന സന്ദേശങ്ങളാല്‍ സ്വാധീനിക്കപ്പെടുമെന്നും കാമറൂണ്‍ പറഞ്ഞു. ഒറ്റപ്പെട്ട മതവിഭാഗങ്ങളിലെ സ്ത്രീകളില്‍ ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവുകള്‍ 20 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. പങ്കാളിക്കൊപ്പം താമസിക്കാന്‍ ബ്രിട്ടനില്‍ എത്തുന്ന ഭാര്യ ഇവിടെ എത്തുന്നതിനു മുമ്പു തന്നെ ഇംഗ്ലീഷ് പഠിച്ചിരിക്കണമെന്ന വ്യവസ്ഥ എമിഗ്രേഷന്‍ നിയമത്തില്‍ നിലവിലുണ്ട്. എന്നാല്‍ ബ്രിട്ടനിലെത്തി രണ്ടരവര്‍ഷത്തിനുശേഷം ഇവരുടെ ഭാഷാ പരിജ്ഞാനം വര്‍ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ പരീക്ഷകള്‍ നേരിടേണ്ടിവരുമെന്നും കാമറൂണ്‍ അറിയിച്ചു. ‘നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ കഴിയും എന്നതിന് യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ ഞങ്ങളുടെ രാജ്യത്തേക്ക് വരുന്നു. അവര്‍ക്ക് ഉത്തരവാദിത്തങ്ങളുമുണ്ട്.’ കാമറൂണ്‍ ബി.ബി.സി റേഡിയോയോട് പറഞ്ഞു. കാമറൂണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്ത് വരുന്നു.