കണ്ണവം വനത്തില്‍ ബാഹുബലിയുടെ ചിത്രീകരണം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്; വനംവകുപ്പിനെതിരെ പ്രക്ഷോഭം നടത്തും; സമരത്തിന് ആദിവാസി ഗോത്രമഹാസഭയും എകെഎസും ഇല്ല

കണ്ണൂര്‍: രാജമൗലിയുടെ ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ ചിത്രീകരിക്കാനിരിക്കെയാണ് ആദിവാസി കോണ്‍ഗ്രസിന്റെ ഭീഷണി. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് റോയ് പൗലോസ് പറഞ്ഞു. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്‌ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു. അതേസമയം അത്തരത്തിലൊരു സമരപരിപാടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു ലൈവ് കേരള ന്യൂസിനോട് പറഞ്ഞു. ബാഹുബലിയുടെ ചിത്രീകരണം ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ ആദിവാസികളെ സംഘടിപ്പിച്ച് ആദിവാസി കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം പ്രദേശത്ത് ശക്തമായ ആധിപത്യമുള്ള ആദിവാസി ഗോത്രമഹാസഭ സമരത്തിനില്ലെന്ന നിലപാടിലാണ്. അതുകഴിഞ്ഞാല്‍ വരുന്ന വലിയ സംഘടനയാണ് സിപിഎം നിയന്ത്രണത്തിലുള്ള എകെഎസ്(ആദിവാസി ക്ഷേമ സമിതി). എകെഎസും സിനിമാചിത്രീകരണത്തിനെതിരെ സമരത്തിനില്ലെന്ന നിലപാടിലാണ്. മുമ്പ് ഇതിനടുത്ത് ആദിവാസികള്‍കക് പതിച്ചുകൊടുത്ത ഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പൈനാപ്പിള്‍ കൃഷി ചെയ്തപ്പോള്‍ എതിര്‍പ്പുമായി ആദിവാസി സംഘടനകളും വനംവകുപ്പും രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ ം മൗനംതുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വമാണിപ്പോള്‍ ആദിവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്ത കാര്യത്തിന് ആദിവാസികളെ സമരത്തിനിറക്കുന്നത്.

© 2024 Live Kerala News. All Rights Reserved.