തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെയാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ബിവ്‌റജസ് കോര്‍പറേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി കെ.ബാബു. സംഭവത്തെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകരാണ് മന്ത്രിയെ തടഞ്ഞത്. കോഴ വാങ്ങിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം പ്രതിഷേധം. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവില്‍ വേദിയിലേക്ക് കടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മന്ത്രിയുടെ കാര്‍ തൊട്ടടുത്ത സ്വാകര്യ ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടു. പ്രവര്‍ത്തകര്‍ പൊലീസുനേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. മന്ത്രിക്കുനേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ശിവന്‍കുട്ടി അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.