ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ അഴിമതി ആരോപിച്ച യുവതി കെജ്രിവാളിന് നേരെ മഷികുടഞ്ഞു; സിഎന്‍ജി കുംഭകോണത്തിന് പിന്നില്‍ ആരൊക്കെ?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ വലിയ സിഎന്‍ജി അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് യുവതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മഷി കുടഞ്ഞു. ഭാവ്‌ന അറോറയാണ് അഴിമതിയാരോപിച്ച് മഷി കുടഞ്ഞത്. അഴിമതി നടന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോടതിയില്‍ ഹാജരാക്കുമെന്നും ഭാവ്‌ന അറോറ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായിനെയും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ കാണാന്‍ അനുവാദം തന്നില്ലെന്നും ഭാവ്‌ന പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു. നഗരത്തിലെ ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന്റെ വിജയം ആഘോഷിക്കാന്‍ മോഡല്‍ ടൗണ്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയാണു കേജ്രിവാളിനുനേരെ മഷിപ്രയോഗം നടന്നത്. സിഎന്‍ജി കുംഭകോണത്തില്‍ കെജ്രിവാളിന് പങ്കുണ്ടെന്നു വിളിച്ചുപറഞ്ഞായിരുന്നു യുവതിയുടെ മഷിപ്രയോഗം. എന്നാല്‍ ‘അവരെ വെറുതെ വിടുക. സിഎന്‍ജി കുംഭകോണത്തെക്കുറിച്ചുള്ള തെളിവുകളടങ്ങിയ കടലാസുകള്‍ വാങ്ങുക’ എന്നായിരുന്നു കെജ്രിവാളിന്റെ ആദ്യപ്രതികരണം. സിഎന്‍ജി കുംഭകോണത്തിന് പിന്നിലുള്ള ബിജെപി പങ്ക് വ്യക്തമാക്കി പിന്നീട് എഎപി രംഗത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.