ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ അഞ്ച് ദളിത് വിദ്യാര്‍തിഥികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു രോഹിത്. 12 ദിവസമായി സസ്‌പെന്‍ഷനിലായിരുന്നു.
ഹൈദരാബാദ് സര്‍വകലാശാലയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാംപസില്‍ രാത്രി ഉറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെയാണ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. ഹോസ്റ്റലിനകത്ത് രോഹിതിനെ സംഘടനയുടെ കൊടിയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളെത്തി. മൃതദേഹം മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ അധികൃതരെ സമ്മതിച്ചില്ല.
മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പങ്കിനെ കുറിച്ച് പറയുന്ന ‘മുസാഫര്‍നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. പ്രദര്‍ശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാര്‍ഥികള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടതത്തുകയും ചെയ്തു. ഇതോടെ ഇവര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് മാപ്പ് എഴുതി നല്‍കേണ്ടിവന്നു. ഇതില്‍ നാണക്കേട് മറയ്ക്കാനാണ് കേന്ദ്രമന്ത്രി ഇടപെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
എഎസ്എയ്‌ക്കെതിരെ എബിവിപിയും ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതായി വിസി നോട്ടീസ് പുറപ്പെടുവിച്ചു. ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചു.
എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ധാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വി.സി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പുറത്താക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വധശിക്ഷയ്‌ക്കെതിരെ തുടക്കം മുതലെ നിലപാടുള്ള സംഘടനയാണ് എഎസ്എയെന്നും ഇവര്‍ അവകാശപ്പെടുന്നു.
വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘനടകളുടെയും അധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ദളിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശ നിഷേധമാണ് ഇവിടെ നടന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. എസ്എഫ്‌ഐ, എസ്‌ഐഒ, എംഎസ്എഫ്, എന്‍എസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.