ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് പത്താന്‍കോട്ട് മോഡല്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ നിന്നുള്ള ജെയ്‌സെ മുഹമ്മദ് ഭീകരര്‍ അതിര്‍ത്തി കടന്നതായി ഇന്റലിജന്റ്‌സ്. രാജ്യത്ത് കടുത്ത ജാഗ്രത നിര്‍ദേശം .തന്ത്ര പ്രധാനമേഖലകള്‍, വിമാനത്താവളങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ കര്‍ശന സുരക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതെ സമയം പത്താന്‍കോട്ട് അക്രമണമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ് സഹായം തേടി. പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച ബൈനോക്കുലറുകള്‍ യുഎസില്‍ നിര്‍മിച്ചവയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മാത്രമല്ല, ഈ ബൈനോക്കുലറുകളില്‍ യുഎസ് സൈന്യത്തിന്റേതായ ചിഹ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ, അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ബേസുകളില്‍ നിന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇവ മോഷ്ടിച്ചിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. അതല്ലെങ്കില്‍ ഇവ പാക്ക് സൈന്യത്തില്‍ നിന്ന് ലഭ്യമാക്കിയിരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാന്‍ സൈന്യം യുഎസ് നിര്‍മിത ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്നുണ്ട്. ബൈനോക്കുലറുകളിലെ സീരിയില്‍ നമ്പര്‍ യുഎസിന് കൈമാറി ഇവ എവിടെനിന്ന്, എപ്പോള്‍ മോഷ്ടിച്ചുവെന്ന് കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രമം. ഇപ്രകാരം ഭീകരരുടെ പാക്ക് ബന്ധത്തിന് തെളിവു കണ്ടെത്താമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.