കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെബ്രുവരി മൂന്നാം വാരം വാദം കേള്‍ക്കും. ലാവലിന്‍ ഇടപാടില്‍ പൊതുഖജനാവിന് വന്‍ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി വാദിച്ചു. അതുകൊണ്ട് തന്നെ വിചാരണ കോടതിവിധി റദ്ദാക്കണമെന്ന ആവശ്യം വേഗം പരിഗണിക്കണം.
എന്നാല്‍ ഹര്‍ജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. കോടതിയെ സൗകര്യം പരിഗണിച്ച് ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു സിബിഐ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേക താല്‍പര്യത്തോടെ ആണ് സര്‍ക്കാരിന്റെ ഉപഹര്‍ജിയെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നവകേരള മാര്‍ച്ചോ രാഷ്ട്രീയ കാലാവസ്ഥയോ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉപഹര്‍ജി സ്വീകരിച്ച കോടതി ഫെബ്രുവരിയില്‍ തിയ്യതി തീരുമാനിച്ച് വാദം കേള്‍ക്കാമെന്ന് അറിയിച്ചു.