തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ മുന്‍കാലങ്ങളില്‍ എടുത്ത നിലപാടിന് വിഭിന്നമായി വിഎസ് അച്യുതാനന്ദന്‍ മൗനത്തില്‍. പിണറായിക്കെതിരെ വളരെ ശക്തമായി ഉപയോഗിക്കാവുന്ന ആയുധമായ ലാവ്‌ലിന്‍ കേസില്‍ വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മൗനം എന്നു മാറ്റുമെന്നോ അത് എങ്ങനെയാകുമെന്നോ അറിയാന്‍ സാധിച്ചിട്ടില്ല. നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍ ഉണ്ടാകുമെങ്കിലും പിണറായിയെ മുന്നില്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിനൊപ്പം എത്രനാള്‍ വിഎസ് ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരുനയിക്കുമെന്ന ചോദ്യത്തിനുള്ള സിപിഎമ്മിന്റെ ഉത്തരമാണ് നവകേരള മാര്‍ച്ചില്‍ പിണറായി വിജയന്റെ നായകസ്ഥാനം. ഒരുവശത്ത് ജനകീയനാവാനുള്ള ശ്രമവും മറുവശത്ത് ലാവ്്‌ലിന്‍ കേസും മൂലം കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലേക്കാണ് പിണറായി ജാഥ നയിച്ചുതുടങ്ങുന്നത്. അരുവിക്കര അണക്കെട്ടിലെ മാലിന്യം തിരഞ്ഞും മണ്‍റോ തുരുത്തിലെ ജനങ്ങളുടെ ദുരിതം തേടിയും തുടങ്ങി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കരികില്‍ വരെയെത്തിയ ജനകീയ ഇടപെടലുകള്‍.
പഴയ പരുക്കന്‍ഭാവം മാറ്റിവച്ച് ചിരിക്കുന്ന മുഖമാണ് പുതിയ പിണറായി വിജയന്. പഠനകോണ്‍ഗ്രസിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി തുറന്നചര്‍ച്ചയും പ്രാതലും. ഭാവി മുഖ്യമന്ത്രിയെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും സിപിഎമ്മിന്റെ വികസനനയം പ്രഖ്യാപിക്കുന്നതും മറ്റാരുമല്ല. ആകാംക്ഷയും ആശങ്കയും വിഎസിന്റെ നിലപാടിലാണ്. പ്രത്യക്ഷത്തില്‍ അനുസരണയോടെ പാര്‍ട്ടിക്കൊപ്പമാണ് അദ്ദേഹം. വി എസ് മത്സരിക്കുമോ വരുന്ന തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയെുള്ള കാര്യങ്ങള്‍ വ്യക്തമല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി തന്നെയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഏറെക്കുറെ ഹൈക്കോടതിയില്‍ നിന്ന് ലാവലിന്‍ കേസ് സംബന്ധിച്ച് പരാമര്‍ശമുണ്ടാകുകയാണെങ്കില്‍ എന്തുനിലപാട് എടുക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. പിണറായിക്കെതിരെ ഏത് അര്‍ത്ഥത്തില്‍ വിഎസ് പ്രതികരിച്ചാലും അത് വലിയ ചര്‍ച്ചയാകും പാര്‍ട്ടിക്കകത്തും പുറത്തും.