ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനാവുല്ല സ്ഥിരീകരിച്ചു. എന്നാല്‍ മസൂദിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മസൂദിനേയും കൂടെ പിടികൂടിയവരേയും പഞ്ചാബ് പൊലീസിന്റെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ മസൂദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും വ്യക്തമാക്കാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. പത്താന്‍കോട്ട് ഭീകരാക്രമണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് റാണ അറിയിച്ചു. പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ മസൂദിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്നും റാണ പറഞ്ഞു. ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്ന് സംബന്ധിച്ച തെളിവുകള്‍ പാകിസ്താന് ഇന്ത്യ കൈമാറിയിരുന്നു.