കൊച്ചി: മകള്‍ മീനൂട്ടിക്ക് വേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് നടന്‍ ദിലീപ്. ജീവിതത്തില്‍ തകര്‍ന്നുപോയ സമയത്ത് മീനൂട്ടിയുടെ വാക്കുകളാണ് തനിക്ക് പ്രചോദമായത്. താന്‍ തന്റെ ജീവിതത്തില്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് പറയുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരുപാട് പേരെ ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ എന്തുസംഭവിച്ചെന്ന് സംസാരിക്കാന്‍ താല്‍പര്യമില്ല. മഞ്ജുവാര്യറുമായി തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയത്ത് തന്നെയാണ് ഇന്നസെന്റിന് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചത്. ‘നമ്മുടെ സമയദോഷമായിരിക്കുമെടാ, അതൊക്കെ വിട്ടേക്കെടാ’ എന്നുള്ള ഇന്നസെന്റിന്റെ വാക്കുകള്‍ ഏറെ ബലംനല്‍കിയെന്നും ദിലീപ് പറയുന്നു. അമ്മയുടെ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യം കിട്ടിയത് ആ സംഘടനയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. പ്രതിസന്ധിഘട്ടത്തില്‍ അമ്മ എനിക്കൊപ്പം നിന്നിട്ടുണ്ട്. അന്ന് ആറു കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. അത് വിജയിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവന്‍ തീരുമായിരുന്നു. പിന്നീട് അമ്മയുടെ മറ്റൊരു പ്രൊജക്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ മമ്മൂട്ടി പറഞ്ഞു, അതിനെന്താ നമ്മുടെ ദിലീപുണ്ടല്ലോ, അവന്‍ നിര്‍മ്മിക്കും. അയ്യോ, നമ്മളില്ലേ, ഇനിയൊരു അങ്കത്തിന് ബാല്യമില്ലേ എന്ന് മറുപടി പറഞ്ഞ് ഒഴിവാകുകയായിരുന്നു. കൈയ്യില്‍ പണമില്ലാത്തത് കൊണ്ടല്ല. പത്തുരൂപ വരുമാനമുണ്ടെങ്കില്‍ 20 രൂപയുടെ ചെലവുകളുമുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ട്രസ്റ്റിലേക്ക് എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ചുതുടങ്ങി. ആളുകള്‍ക്ക് സഹായമായി പണം നല്‍കുന്ന പരിപാടി നിര്‍ത്തി. മരുന്നു വേണ്ടവര്‍ക്ക് അത് വാങ്ങി നല്‍കും, അഡ്മിഷന്‍ വേണ്ടവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും. ചിലര്‍ നമ്മളെ പറ്റിക്കും അതുകൊണ്ടാണ് നേരിട്ട് പണം കൊടുക്കുന്നത് നിര്‍ത്തിയതെന്നും ദിലീപ് പറഞ്ഞു. ഗൃഹലക്ഷ്മി ദ്വൈമാസികയുടെ ഏറ്റവും പുതിയ ലക്കത്തിലെ സിനിമയിലെ 25 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടിലുള്ള ദിലീപിന്റെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.