കൊച്ചി: കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനത്തില്‍ വന്‍ കുതിപ്പ്. 30 മുതല്‍ 32 ശതമാനം വരെ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ പത്തു ശതമാനം അധിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. തൃശൂരിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷ.ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയില്‍ ഏറിയ പങ്കും കൊച്ചി ക്യാമ്പസില്‍ നിന്നാണ്.
മൂന്ന് വര്‍ഷംകൊണ്ട് 76 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് നിലകളിലാണ് തൃശൂര്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. നവസംരംഭകരടക്കം പതിനയ്യായിരത്തോളം പേര്‍ക്ക് രണ്ടാം ഘട്ടത്തിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു.