കണ്ണൂര്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ മാസം 20ന് പഴശ്ശിരാജയുടെ ചിത്രീകരണം നടന്ന അതേ കണ്ണവം വനമേഖലയില്‍. കണ്ണൂരില്‍നിന്നുള്ള നിരവധി പേര്‍ക്ക് ചിത്രത്തില്‍ പലവിഭാഗങ്ങളിലായി അവസരം ലഭിക്കും. ചിത്രത്തിലെ പ്രധാന ലൊക്കേഷനായി സംവിധായകന്‍ ഉദ്ദേശിക്കുന്ന പുരാതന ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കലാസംവിധയാകന്‍ സാബു സിറിലിന്റെ നേതൃതത്തില്‍ കണ്ണവം ചങ്ങലഗേറ്റിന്റെ ഉള്‍ക്കാടുകളിലാണ് സെറ്റിന്റെ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. സെറ്റിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കുന്നില്ല. പ്രഭാസ്, റാണ, അനുഷ്‌ക്ക ഷെട്ടി, തമന്ന തുടങ്ങിയ താരങ്ങളിവിടെയെത്തും. സംവിധായകന്‍ രാജമൗലി ആഴ്ച്ചകള്‍ക്ക് മുമ്പ് ഇവിടെയെത്തിയിരുന്നതായാണ് വിവരം. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള വീടുകളും ഹോട്ടലുകളും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കണ്ണവം വനമേഖലയിലാണ് ഷൂട്ട് ചെയ്യുന്നതെന്നാണ് വിവരം. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയും മുഖ്യ ചിത്രീകരണ കേന്ദ്രങ്ങളില്‍ ഒന്നായേക്കും. പ്രൊഡക്ഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന അരവിന്ദന്‍ കണ്ണൂരാണ് ജില്ലയുടെ വിവിധ ലൊക്കേഷനുകള്‍ ബാഹുബലി ടീമിനെ പരിചയപ്പെടുത്തിയത്. ചിത്രീകരണം കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് വിവരം.