വെള്ളിയാഴ്ച്ചകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ജന്മദിനം; ദയാവാടി ആശുപത്രിയില്‍ ആ ദിവസം പ്രസവ ചിലവില്ല

മീററ്റ്: വെള്ളിയാഴ്ച്ചകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ജന്മദിനം സമ്മാനിക്കുകയാണ് മീററ്റിലെ ദയാവാടി ആശുപത്രി ഡയറക്ടര്‍ പ്രമോദ് ബാലി. ഓരോ കുഞ്ഞിന്റെയും പ്രസവ ചെലവ് ഏകദേശം 5000 രൂപ വരും. എന്നാല്‍ വെള്ളിയാഴ്ച്ചകളില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാരില്‍ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ല.

വെള്ളിയാഴ്ച്ചകളില്‍ ഹിന്ദുക്കള്‍ ദുര്‍ഗ്ഗാദേവിയെയും, ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. എന്നാല്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്കും വെള്ളിയാഴ്ച്ച വിശുദ്ധ ദിനമാണ്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ദിവസമായി വെള്ളിയാഴ്ച്ച തെരഞ്ഞെടുത്തതെന്ന് പ്രമോദ് ബാലിയാന്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പ്രമോദ് ബാലിയാന്‍ ഇത്തരത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുറേ കാലമായി പെണ്‍കുട്ടികള്‍ക്ക് പ്രയോജനപരമായി എന്തെങ്കിലും ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഡാവോ’ പ്രചരണ പരിപാടിയില്‍ കാണാത്ത ഒരാശയം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് തന്റെ ആശുപത്രിയില്‍ പെണ്‍കഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ സൗജന്യമായി ഒരു ദിനം എന്ന ആശയം മനസ്സില്‍ വന്നതെന്ന് 42കാരനായ ബാലിയാന്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.