ഇന്ത്യന്‍ ക്രീക്കറ്റ് ടീമിന് പ്രതീക്ഷ നല്‍കി ബരീന്ദര്‍ ബല്‍ബീര്‍ സിംഗ് സ്രാന്‍; 23കാരന്‍ ഇനി ഇന്ത്യക്ക് വേണ്ടി പന്ത് എറിയും

ഇന്ത്യന്‍ ക്രീക്കറ്റ് ടീമിന് പ്രതീക്ഷ നല്‍കി കൊണ്ട് ബരീന്ദര്‍ ബല്‍ബീര്‍ സിംഗ് സ്രാന്‍. ആദ്യമായാണ് ഇന്ത്യന്‍ ടീമിനു വേണ്ടി 23കാരന്‍ ബരീന്ദര്‍ സ്രാനി ക്യാപ്പണിയുന്നത്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന ഈ പഞ്ചാബ് സ്വദേശി ധോണിയുടെ പ്രതീക്ഷ തെറ്റിച്ചില്ല. ഓസീസിന്റെ ആദ്യ രണ്ട് വിക്കറ്റ് വീഴ്ത്തി സ്രാന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയതാണ് ബരീന്ദര്‍ സ്രാന്‍. ഇപ്പോഴിതാ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം.
പഞ്ചാബ് സ്വദേശിയാണ് സ്രാന്‍. റെയില്‍വേസിനെതിരെ രഞ്ജി ട്രോഫിയില്‍ 6 വിക്കറ്റ് വീഴ്ത്തിയ അന്ന് യുവരാജ് സ്രാനെ വിളിച്ചത് ജൂനിയര്‍ സഹീര്‍ ഖാനെന്ന്. ഫല്‍റ്റ് വിക്കറ്റില്‍ തീപ്പൊരി ബൗളിംഗ് പുറത്തെടുത്ത സ്രാന്‍ സഹീര്‍ ഖാനെ ഓര്‍മിപ്പിക്കുന്നു എന്ന് യുവി ട്വിറ്ററില്‍ എഴുതി. വെറും പത്തേ പത്ത് ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ഐ പി എല്‍ ലേലത്തില്‍ സ്രാനെ വാങ്ങി. രാജസ്ഥാന് വിലക്കായതോടെ അടുത്ത ലേലത്തിനും സ്രാന്‍ എത്തും. എത്രയാകും ഈ ലേലത്തില്‍ സ്രാന്റെ വില. കണ്ടറിയണം. ടിം സൗത്തി, ജയിംസ് ഫോക്‌നര്‍ തുടങ്ങിയ അന്താരാഷ്ട്ര കളിക്കാരുടെ കൂടെ രാജസ്ഥാന്‍ റോയല്‍സില്‍ സമയം ചെലവിട്ടത് സ്രാന് ഉപകാരമായി. അവിടെ വെച്ചാണ് ഫാസ്റ്റ് ബൗളിംഗിലെ കൂടുതല്‍ കാര്യങ്ങള്‍ സ്രാന്‍ പഠിച്ചത്.

ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനും പാകിസ്താന്റെ ഇതിഹാസ ബൗളര്‍ വസിം അക്രവുമാണ് സ്രാന്റെ ആരാധനാപാത്രങ്ങള്‍. രണ്ടുപേരും ഇടങ്കൈ ഫാസ്റ്റ് ബൗളര്‍മാര്‍. സഹീര്‍ ഖാനോട് സംസാരിക്കാന്‍ സ്രാന് പറ്റിയിട്ടില്ല ഇതുവരെ, പക്ഷേ അക്രമിനോട് സംസാരിച്ചു. വിരാട് കോഹ്ലി, എം എസ് ധോണി എന്നൊക്കെ കേട്ടിരുന്നു ഞാന്‍. പക്ഷേ അവരുടെ കൂടെ ഡ്രസിങ് റൂം പങ്കിടാന്‍ പറ്റുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല.

വിജേന്ദര്‍ സിങിനെ പോലെ ഒരു ബോക്‌സറാകാനായിരുന്നു തനിക്ക് ആഗ്രഹമെന്ന് സ്രാന്‍ പറയുന്നു. എന്നാല്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് കളിച്ചത് വഴിത്തിരിവായി. എന്താണ് ബൗളിംഗ് എന്ന് പോലും അറിയില്ലായിരുന്നു. വെറുതെ നല്ല സ്പീഡില്‍ എറിഞ്ഞു.
വാക്ക ഇലവനെതിരെ പരിശീലന മത്സരത്തില്‍ കളിച്ച സ്രാന്‍ നാലോവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. മികച്ച ബൗളറെന്ന പേരും ഇതോടെ കിട്ടി. ഓസ്‌ട്രേലിയയെ നയിക്കുന്ന സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ ടീമില്‍ സ്രാന് ഒപ്പമുണ്ടായിരുന്നു. സ്രാന്‍ കൊള്ളാമെന്നാണ് സ്മിത്തിന്റെ അഭിപ്രായം. ഉയരവും സ്പീഡും സ്വിങുമാണ് സ്രാന്റെ കരുത്ത്.

© 2024 Live Kerala News. All Rights Reserved.