ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കാന്‍ ഐ.എസിന് കഴിയില്ല; ലോക ശക്തിതന്നെയാണ് യു.എസ് എന്ന് ഒബാമ

വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കാന്‍ ഐഎസിന് കഴിയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ലോകചരിത്രത്തിലെ ഏറ്റവും മികച്ച പോരാളികളാണ് യു.എസ് സൈന്യം. ഐ.എസ് അമേരിക്കയുടെ നിലനില്‍പ്പിന് ഭീഷണിയല്ല. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ലെന്നും ഒബാമ പറഞ്ഞു. ക്യാപിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിലാണ് ഒബാമ ഐ.എസിനെതിരെ സംസാരിച്ചത്.
ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത് അമേരിക്കയുടെ നല്ല മുഖമാണ്. നല്ല നേതൃത്വമെന്നത് സൈനിക ശക്തി ബുദ്ധിപരമായി വിന്യസിക്കുന്നതും ലോകത്തെ നല്ല രീതിയില്‍ നയിക്കുന്നതുമാണ്. മുസ്ലീം ജനതയെ അപമാനിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം അമേരിക്കയ്ക്ക് സുരക്ഷിതമല്ല. ലോകത്തിനു മുന്നില്‍ അമേരിക്കയെ ചെറുതാക്കി കാണിക്കാനും നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് തടസ്സം സൃഷ്ടിക്കാനുമേ ഉപകരിക്കൂ. രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ കഴിയണമെന്നും ഒബാമ പറഞ്ഞു.
അമേരിക്കയുടെ സാമ്പത്തിക നില തകരാറിലാണെന്ന വാദം കെട്ടുകഥ മാത്രമാണ്. ലോകത്തെ ഏറ്റവും ശക്തവും ഉറപ്പുള്ളതുമായ സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേത്. സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വന്‍ പുരോഗതിയുണ്ടായി. 14 കോടിയോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. തൊഴില്‍രഹിതരുടെ നിരക്ക് പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞു. വാഹന വിപണി മറ്റേത് കാലത്തേക്കാളും മികച്ച നിലയിലാണ് ഇപ്പോള്‍. നിര്‍മ്മാണ മേഖലയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഒമ്പത് ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടായി. ധനകമ്മി വെട്ടിക്കുറയ്ക്കാനും കഴിഞ്ഞതായി ഒബാമ വ്യക്തമാക്കി.
വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, മെഡികെയര്‍, ഊര്‍ജ മേഖലകളില്‍ മുന്‍പുള്ളതിനേക്കള്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഈ നേട്ടങ്ങള്‍ ദുര്‍ബലമാക്കരുത്. അവ ശക്തമാക്കുകയാണ് വേണ്ടത്. താന്‍ മാറ്റങ്ങളില്‍ വിശ്വസിക്കുന്നു, കാരണം എന്റെ വിശ്വാസം നിങ്ങളിലാണെന്നും പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് ഒബാമ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.