ജെല്ലിക്കെട്ട് അനുവദിക്കുന്ന കേന്ദ്രവിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു; ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയെന്ന് കോടതി

ന്യുഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരത തന്നെയാണെന്നും കോടതി നോക്കിക്കണ്ടു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എംപി രമണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 21ആം നൂറ്റാണ്ടിലെ പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ജെല്ലിക്കെട്ടെന്ന് സുപ്രീംകോടതി പറഞ്ഞു. മൃഗസംരക്ഷണ ബോര്‍ഡും മറ്റ് നാല് സംഘടനകളും ആണ് ജെല്ലി കെട്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. കാളകള്‍ക്ക് ലഹരി നല്‍കുകയും കൂടുതല്‍ അക്രമാസക്തരാകുവാന്‍ കണ്ണില്‍ മുളകും മറ്റും തേച്ച് പീഡിപ്പിക്കുകയാണെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. കെ എസ് രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 2014 ല്‍ ഈ നിരോധനം ശരിവെച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ നിരോധനം പിന്‍വലിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനം ആണെന്നാണ് മൃഗ സംരക്ഷണ ബോര്‍ഡും മറ്റ് സംഘടനകളും വാദിച്ചു. ജനുവരി പകുതിയോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് സാഹസിക മത്സരം സംഘടിപ്പിക്കുന്നത്. ജെല്ലിക്കെട്ട് നിരോധനം നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ഡിലെ ജഡ്ജി ആര്‍ ഭാനുമതി പിന്‍മാറിയിരുന്നു. കേസ് ജസ്റ്റിസുമാരായ ദീപക് മിശ്ര, എം പി രമണ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനക്കായി മാറ്റുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.