അഗസ്ത്യകൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാം; പ്രവേശന നിരോധനം പിന്‍വലിച്ചതായി വന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനനന്തപുരം: പ്രതിഷേധത്തെത്തുടര്‍ന്ന് അഗസ്ത്യകൂടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശന നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഉത്തരവ് പിന്‍വലിച്ചതായി വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും പഴയ ഉത്തരവ് നീക്കം ചെയ്തിട്ടുണ്ട്. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് വനംവകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവിലാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കിയത്്. ട്രക്കിംഗ് സംബന്ധിച്ച് വിവരിക്കുന്ന സര്‍ക്കുലറില്‍ 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്നു. ഒരുദിവസം നൂറ് പേര്‍ക്ക് പ്രവേശനം നല്‍കുന്ന ട്രക്കിംഗ് മാര്‍ച്ച് 7 വരെ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസംപോലും സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടില്ല. വനംവകുപ്പിന്റെ പുതിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. അതേസമയം, അപകടസാധ്യത മുന്നില്‍ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്ന് വനംവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ വിവേചനം കാട്ടുന്നത് നീതികരിക്കാനാകില്ലെന്നാണ് മറുവാദം. ഹിമാലയവും, എവറസ്റ്റുമടക്കം സ്ത്രീകള്‍ കീഴടക്കുന്ന കാലത്ത് അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണുയര്‍ന്നത്.

© 2024 Live Kerala News. All Rights Reserved.