ബാഗ്ദാദ്: മുംബൈ മോഡല്‍ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് ബാഗ്ദാദ്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ തോക്കുധാരി മാളിനകത്തു കയറി പത്തൊമ്പത് പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കിഴക്കന്‍ ബാഗ്ദാദിലെ അല്‍ ജവ്ഹറ ഷോപ്പിംഗ് മാളിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഷോപ്പിംഗ് മാളിലുണ്ടായ നിരവധി പേരെ ഭീകരര്‍ ബന്ധികളാക്കിയതായും സൂചനയുണ്ട്. മുഴുവന്‍ ഭീകരരെയും വധിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നു പൊലിസുകാരുമുണ്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയുധധാരികളായ സംഘം മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. രണ്ട് പേര്‍ ചാവേര്‍ സ്‌ഫോടനം നടത്തി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയില്‍ കഫേയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേരും കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്കേറ്റു. തെക്കുകിഴക്കന്‍ ബഗ്ദാദില്‍ നിശാക്ലബില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേരാണു കൊല്ലപ്പെട്ടത്. നഹ്രാനിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. സുന്നി മുസ്‌ലിം ജിഹാദി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.