പലിശ വാങ്ങുന്നവരാണ് ഇസ്ലാമിലെ സ്ത്രീകളുടെ സ്വതന്ത്രത്തെക്കുറിച്ച് വാചാലരാവുന്നത്; ആദ്യം ഇവര്‍ ഇസ്ലാമിക നിയമങ്ങള്‍ പഠിക്കട്ടെയെന്നും കാന്തപുരം

കോഴിക്കോട്: ഇസ്ലാമിന് ഹറാമായ പലിശ വാങ്ങുന്നവരാണ് ഇസ്ലാം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍.
ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇസ്ലാമിന്റെ സ്ത്രീനിലപാടുകളെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമില്ല. കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രഫഷനായികൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്. മുമ്പൊരിക്കല്‍ കേരളത്തിലെ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നുപറഞ്ഞു. താന്‍ വിശ്വസിക്കുന്ന ഇസ്ലാമിനു പുറത്തുള്ള ഒരു പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്‌നം അതിന്റെ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്. ഇത് വൈരുധ്യമാണ്. ഏതെങ്കിലും ഒരു കാര്യത്തില്‍ ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍, ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നത് പ്രധാനമാണ്. സ്വന്തം സമ്പാദ്യത്തില്‍നിന്ന് പാവപ്പെട്ടവരുടെ അവകാശമായി ഇസ്ലാം കണക്കാക്കുന്ന നിര്‍ബന്ധ സകാത് ഒരിക്കല്‍പോലും കൊടുക്കാത്തവരാണ് മുസ്ലിംപേരുകളില്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്ന പലരും. മതജീവിതം പാലിക്കാത്തവരുടെ മതത്തെക്കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്ലിംകള്‍ക്ക് ഗൗരവമായി എടുക്കാന്‍ തരമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സ്വതന്ത്രവുമായി ബന്ധപ്പെട്ടുള്ള പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്നെയാണ് കാന്തപുരത്തിന്റെ പ്രംസഗത്തിലൂടെ വ്യക്തമായത്.

© 2024 Live Kerala News. All Rights Reserved.