സൂറിക്ക്: മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്നു നടക്കാനിരിക്കെ, ബാര്‍സിലോന താരം ലയണല്‍ മെസ്സി അഞ്ചാം തവണയും അതു നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു.
2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്‌കാര ജേതാവായ മെസ്സി, കഴിഞ്ഞ തവണത്തെ ജേതാവായ റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വന്‍ലീഡില്‍ പിന്തള്ളുമെന്നാണു സൂചന. ചുരുക്കപ്പട്ടികയില്‍ മൂന്നാമനായ ബ്രസീല്‍ താരം നെയ്മര്‍ക്കു പ്രഥമ പുരസ്‌കാരത്തിനായി ഇനിയും കാത്തിരിക്കണമെന്നര്‍ഥം.
ബാര്‍സിലോനയ്ക്ക് 2015ല്‍ അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്ത മികവാണു മെസ്സിയെ ഇത്തവണയും അജയ്യനാക്കുന്നത്. ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കോപ്പ ഡെല്‍ റേ എന്നിവയ്‌ക്കൊപ്പം അടുത്തയിടെ ദക്ഷിണ അമേരിക്കന്‍ ചാംപ്യന്മാരായ റിവര്‍പ്ലേറ്റിനെ നിസ്സാരരാക്കി ഫിഫ ക്ലബ് ലോകകപ്പും ബാര്‍സിലോന നേടി. കഴിഞ്ഞ വര്‍ഷം മെസ്സി ബാര്‍സയ്ക്കായി 48 ഗോളാണു നേടിയത്.