കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാവാന്‍ പി.ജയരാജന് സിബിഐ നോട്ടീസ്; ചൊവ്വാഴ്ച്ച ജയരാജനെ സിബിഐ ചോദ്യം ചെയ്യും

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച് സിബിഐ അദേഹത്തിന് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച 11 മണിക്ക് തലശ്ശേരി ക്യാമ്പ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ഹാജരാകുമെന്ന് പി.ജയരാജന്‍ പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയരാജന് നാല് ദിവസം മുമ്പ് സി.ബി.ഐ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജാരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്റെ മൊഴി എടുത്തിരുന്നു.

കേസില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടക്കുന്ന കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഒന്നാം പ്രതിയും പി ജയരാജന്റെ മുന്‍ ഡ്രൈവറുമായ വിക്രമന് ഒളിത്താവളം ഒരുക്കാന്‍ ജയരാജന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ജയരാജനെ വിളിച്ചിരിക്കുന്നത്. ചൊവാഴ്ച്ച പി.ജയരാജന്‍ ഹാജരാകുമോയെനന കാര്യം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.