കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ഡിസിസി പുനഃസംഘടനയില്‍ അത് വ്യക്തമാണ്. ഒന്നിനുംകൊള്ളാത്തവരെ സുധീരന്‍ ഡിസിസികളില്‍ തിരുകിക്കയറ്റി. ഇതിനുള്ള തെളിവുകള്‍ ഓരോ ഡിസിസികളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനഃസംഘടനയില്‍ പൂര്‍ണമായും അവഗണിച്ചു. താന്‍ ഉള്‍പ്പെട്ട മണ്ഡലം കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിച്ചപ്പോള്‍ ഒരു പ്രാദേശിക നേതാവിനു നല്‍കേണ്ട പരിഗണന പോലും തനിക്ക് നല്‍കിയില്ല. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം ജനരക്ഷായാത്ര നടത്തേണ്ട കാര്യമില്ല. വടകരയിലെ പരിപാടികളില്‍ നിന്ന് വിട്ടുനിന്നത് മനഃപൂര്‍വമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ ജനരക്ഷായാത്ര സ്വന്തം മണ്ഡലമായ കോഴിക്കോട്ടെ വടകരയിലെത്തിയപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തില്ല. ഇതിനുള്ള കാരണം ചോദിച്ചപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മുല്ലപ്പള്ളിയുടെ ഗുരുതര ആരോപണം വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.