തിരുവനന്തപുരം: തലസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടലിലേക്ക്. ആറു വര്‍ഷം കൊണ്ട് ആശുപത്രി അടച്ചു പൂട്ടി പൂര്‍ണമായും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ആശുപത്രിയുടെ നഷ്ടം 72 കോടിയായെന്ന് ചൂണ്ടിക്കാട്ടി സാധാരണക്കാരുടെ ചികിത്സാ ചിലവുകള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.
ആശുപത്രി 72 കോടി രൂപ നഷ്ടത്തിലാണെന്നും ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ഇനി കേന്ദ്ര ശാസ്ത്രസാങ്കേതി വകുപ്പ് പണം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രി ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ കുറിപ്പു നല്‍കി. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിന് 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ 600 കോടി രൂപ അനുവദിച്ചെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ 370 കോടി രൂപ ആശുപത്രി നടത്തിപ്പിന് മാത്രം ഉപയോഗിച്ചു. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ ആറുവര്‍ഷം കൊണ്ട് പണം തീരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായി തീര്‍ന്നിരിക്കുന്നു എന്നാണ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീചിത്രയിലെ ഒ.പി ഐ.പി നിരക്കുകള്‍ കുത്തനെ കൂട്ടി.