മഹാവിഷ്ണുവിന്റെ രൂപംധരിച്ച് ധോണി വിവാദപുരുഷനായി; ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി

അനന്ത്പൂര്‍: ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ പേജില്‍ മഹാവിഷ്ണുവിന്റെ വേഷം ധരിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. ധോണി ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വിഎച്ച്പി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയുടെ ഉത്തരവ്. ഏകദിന ട്വന്റി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപ്പോള്‍. ജനുവരി 31നേ പര്യടനം പൂര്‍ത്തിയാകുകയുള്ളൂ. ഒരു പരസ്യചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി അഭിനയിച്ചതാണ് വിവാദമായത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കര്‍ണാടക ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൊലീസില്‍ കീഴടങ്ങാന്‍ അതിന് മുമ്പ് ഇന്ത്യയിലെത്തുമോ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമോയെന്ന കാര്യം വ്യക്തമല്ല.

© 2025 Live Kerala News. All Rights Reserved.