തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിലേക്ക് തിരിച്ചുവരാനുളള വീരേന്ദ്രകുമാറിന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി നല്‍കി സംസ്ഥാന കൃഷിമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ കെ പി മോഹനന്‍ രംഗത്ത്. പിണറായി കുബുദ്ധിയും കാപട്യവും നിറഞ്ഞയാളാണെന്നും വീരന്‍ അത് തിരിച്ചറിയുന്നില്ലെന്നും മോഹനന്‍ വ്യക്തമാക്കി. താന്‍ യുഡിഎഫില്‍ തുടരും. മന്ത്രി സ്ഥാനം രാജിവെക്കില്ല. നേരത്തെ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ജനതാദള്‍ യുണൈറ്റഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി കൃഷിമന്ത്രി കെ.പി.മോഹനന്‍ മന്ത്രിസഭയില്‍ നിന്ന് ജനുവരി അവസാനിക്കുന്നതിന് മുന്‍പായി രാജിവെക്കുമെന്നുമായിരുന്നു ധാരണകള്‍. പല ഘട്ടങ്ങളിലായി ഇത് സംബന്ധിച്ച കൂടിക്കാഴ്ചകള്‍ നടന്നെങ്കിലും ഡല്‍ഹിയില്‍ വച്ച് ഡിസംബറില്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് അന്തിമധാരണയില്‍ എത്തിയതും.തുടര്‍ന്ന് വി.എസ്.അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുമായി വീരേന്ദ്രകുമാര്‍ വേദികള്‍ പങ്കിടുകയും ചെയ്തിരുന്നു. ജനതാദള്‍ യുണൈറ്റഡ് എല്‍ഡിഎഫിലേക്ക് നീങ്ങുന്നെന്ന വാര്‍ത്തകള്‍ സജീവമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിടുന്നതും, യുഡിഎഫിനൊപ്പം ചേക്കേറുന്നതും. തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വീരേന്ദ്രകുമാറിനെ യുഡിഎഫ് തോല്‍പ്പിച്ചു എന്നാരോപിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീരന്റെ മനംമാറ്റത്തിനും കാരണം. അതേസമയം വീരനെ ഒരു കാരണവശാലും എല്‍ഡിഎഫില്‍ തിരിച്ചെടുക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതും പിണറായിയായിരുന്നു. വീരന്‍ എല്‍എഡിഎഫ് വിട്ടപ്പോള്‍ എസ്എന്‍സി ലാവലിന്‍ സംബന്ധിച്ച ഫോളോ അപ്പ് വാര്‍ത്തകള്‍ ദിനവും മാതൃഭൂമിയുടെ മുന്‍പേജില്‍ ആഴ്ച്ചകളോളം വന്നിരുന്നു.