കണ്ണൂര്‍: കണ്ണൂര്‍ അമ്പാടിമുക്കില്‍ എത്തുന്നവര്‍ ഞെട്ടിപ്പോകുന്ന കാഴ്ച്ചയാണിവിടെ. ഭഗവാന്‍ കൃഷ്ണനായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തേരുതെളിക്കുമ്പോള്‍ വില്ലാളി വീരന്‍ അര്‍ജ്ജുനനായി സമീപം പോളിറ്റ്ബ്യൂറൊ അംഗം പിണറായി വിജയന്‍ ജ്വലിച്ച് നില്‍ക്കുന്നു. പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിലെ പ്രചാരണബോര്‍ഡിലാണ് മഹാഭാരത കഥാപാത്രങ്ങളായി സിപിഎം നേതാക്കളുടെ ജൈത്രയാത്ര. സ്ഥാപിച്ച പ്രചാരണബോര്‍ഡില്‍ കുതിരകളെ പൂട്ടിയ തേരുതെളിക്കുകയാണ്. പി.ജയരാജന്‍. അസ്ത്രം തൊടുക്കുന്ന പിണറായി വിജയനെയും കാണാം. നേരത്തെ സിപിഎം ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ഒരുക്കിയതും, അന്ത്യഅത്താഴം ആവിഷ്‌കരിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയവരാണ് അമ്പാടിമുക്കിലെ പ്രവര്‍ത്തകരേറെയും. അതുകൊണ്ട് തന്നെ അര്‍ജുനനും, ശ്രീകൃഷ്ണനുമായുളള നേതാക്കളുടെ പ്രചാരണബോര്‍ഡ് ഏറെ വിവാദങ്ങളുണ്ടാക്കുവാന്‍ സാധ്യതയുണ്ട്. അതേസമയം ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎം ക്ഷേത്രങ്ങളിലെ ഭരണം ഉള്‍പ്പെടെ കയ്യാളാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഇത് കാര്യമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നാണറിയുന്നത്.