മെല്‍ബണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനെതിരെ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത് വിവാദമായി. പുതിയ ആരോപണങ്ങളുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗെയ്ല്‍ മുമ്പ് തനിക്കെതിരെയും ഇത്തരം മോശം പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ നെറോലി മെഡോസ് ആരോപിച്ചു.
2011ല്‍ ഒരു അഭിമുഖത്തിനിടെ ഗെയ്‌ലിനോട് ചോദ്യം ചോദിച്ചപ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ ഭംഗി കണ്ട് താന്‍ മയങ്ങിപ്പോയെന്നും അതിനാല്‍ ചോദ്യം കേട്ടില്ലെന്നും ഒരിക്കല്‍ കൂടി ചോദ്യം ആവര്‍ത്തിക്കാനുമായിരുന്നു ഗെയ്ല്‍ പറഞ്ഞത്. ഒരു അഭിമുഖത്തിനുശേഷം ഗെയ്ല്‍ തന്നോട് ഡേറ്റിംഗിന് താല്‍പര്യമുണ്ടോ എന്നാ ആരാഞ്ഞതായി നയണ്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ വോനെ സാംപസണും ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഗെയ്ല്‍ തനിക്കൊപ്പം അത്താഴം കഴിക്കാനും ഔട്ടിംഗിനും ക്ഷണിച്ചത്. ക്രിസ് ഗെയ്ല്‍ ശരിക്കും സ്ത്രീലമ്പടനാണെന്നും സാംപ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മല്‍സരം നടക്കുന്നതിനിടെ, അഭിമുഖം നടത്തിയ ചാനല്‍ അവതാരകയായ മെല്‍ മെക്‌ലാഫിനോട് ഗെയ്ല്‍ മോശമായി സംസാരിച്ചത്. മെക്‌ലാഫിന്റെ കണ്ണുകള്‍ നല്ല ഭംഗിയുണ്ടെന്നും, ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഗെയ്‌ലിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഗെയ്ല്‍ ബിഗ് ബാഷ് അധികൃതര്‍ വന്‍തുക പിഴ ചുമത്തി. ഗെയ്‌ലുമായി ഇനി അഭിമുഖം നടത്തില്ലെന്ന് ചാനല്‍ ടെന്‍ അധികൃതരും വ്യക്തമാക്കി. സംഭവത്തില്‍ ഗെയ്ല്‍ മാപ്പു പറഞ്ഞിരുന്നു.