ചുംബനസമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അനീബിന് ജാമ്യം; കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത

കോഴിക്കോട്: ചുംബനസമരം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബിന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തേജസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് അനീബ്. ഞാറ്റുവേല സാംസ്‌കാരിക സംഘം നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെയാണ് അനീബിനെ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ മര്‍ദിച്ചുവെന്നാണ് അനീബിനെതിരെയുള്ള ആരോപണം. എന്നാല്‍ സ്റ്റേഷനിലെത്തിച്ച തന്നെ പോലീസ് മര്‍ദ്ദിക്കുകയും കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീബ് പറഞ്ഞു. അതേസമയം, സ്ഥലത്തെത്തിയ കവിയും വികലാംഗനുമായ അജിത്ത് പച്ചനാടിനെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതു കണ്ട് ഇടപെട്ടപ്പോള്‍ മഫ്തിയിലെത്തിയ പൊലീസ് അനീബിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ പറഞ്ഞു. അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മനീഷ സേത്തി, വെങ്കിടേഷ് രാമകൃഷ്ണന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവരാണ് പ്രസ്താവന ഇറക്കിയത്. സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ഇത്തരം ഭീഷണികളുടെ നടുവിലാണെന്നും അനീബിന്റെ പേരില്‍ ഒരൊറ്റ കേസുപോലും ഇല്ലെന്നും ഇവര്‍ ചൂണ്ടികാട്ടിയിരുന്നു. വളച്ചൊടിച്ച വാര്‍ത്തകളാണ് പൊലീസ് അനീബിനെതിരെ നല്‍കുന്നത്. വിമര്‍ശനമുന്നയിക്കുന്ന പത്രപ്രവര്‍ത്തകരെ ഒതുക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിച്ചിരുന്നു. കോടതിയില്‍ നിന്ന് മാത്രമാണ് നീതി പ്രതീക്ഷിക്കുന്നതെന്ന് അനീബിന്റെ ഭാര്യ നസീബ ജബീന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.