പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് ജീവപര്യന്തം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും 13 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാകേഷ് പണ്ഡിറ്റ് വിധിച്ചു. ഇപ്പോള്‍ ഈ ക്രൂരകൃത്യത്തിനു രണ്ടു ഇരകളുണ്ട്. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍ 12 ലക്ഷം ശിശുവിന്റെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.കോടതി വിധി സദുദ്ദേശപരമാണെന്നും എന്നാല്‍ നീതിയല്ലെന്നുമാണ് പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷക ശില്‍പി ജെയ്ന്‍ അഭിപ്രായപ്പെട്ടത്. ചെറിയ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാന്‍ 17 വര്‍ഷം കൂടിയെടുക്കും. എന്നാല്‍ അമ്മ നാലുവര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകും. നമുക്കൊന്നും ചിന്തിക്കാന്‍ കൂടി കഴിയാത്തത്ര പീഡനങ്ങള്‍ ഈ പെണ്‍കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മുഴുവന്‍ നഷ്ടപരിഹാരവും അവര്‍ക്കു നല്‍കേണ്ടിയിരുന്നെന്നും അഭിഭാഷക അഭിപ്രായപ്പെട്ടു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം 2014ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 37,413 ബലാത്സംഗക്കേസുകളില്‍ 674എണ്ണം കുടുംബാംഗങ്ങളില്‍ നിന്നുള്ളവയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ദല്‍ഹിയില്‍ നിന്നുള്ളവയാണ്. ഇവയില്‍ തന്നെ 140 കേസുകളില്‍ പ്രതികള്‍ മുത്തച്ഛന്‍, പിതാവ്, സഹോദരന്‍, മകന്‍ എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന അവസ്ഥ.

© 2024 Live Kerala News. All Rights Reserved.