പാലക്കാട്: പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ കടന്ന ഭീകകരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ ത്യജിച്ച സൈനികന് ജന്മനാടായ പാലക്കാട് എളമ്പുലാശ്ശേരിയില്‍ അന്ത്യനിദ്ര. നിരഞ്ജനെ ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് ഈ പാലക്കാടന്‍ ഗ്രാമത്തിലെത്തിയത്. എളമ്പുലാശേരി കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കി നുപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഇന്നലെ പ്രത്യേക ഹെലികോപ്റ്ററില്‍ ബംഗഌരു വില്‍ നിന്നും പാലക്കാട് എത്തിക്കുകയായിരുന്നു മൃതദേഹം. രാത്രി പന്ത്രണ്ടോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.ബാബു, എ.പി. അനില്‍കുമാര്‍ എന്നിവര്‍ നിരഞ്ജന്റെ വീട്ടില്‍ എത്തിയിരുന്നു. കേരളത്തിന്റെ അഭിമാനമാണ് നിരഞ്ജന്‍ കുമാര്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൂര്‍ണ സൈനിക ബഹുമതികളോടെ എളമ്പുലാശേരി കളരിക്കല്‍ തറവാട്ട് വീട്ടിലാണ് നിരഞ്ജന്‍ കുമാറിന് അന്ത്യവിശ്രമമൊരുക്കിയത്. പത്തുവര്‍ഷമായി അടച്ചിട്ടിരുന്ന തറവാടിന്റെ തെക്കുകിഴക്കുമൂലയില്‍ ഒരു രാജ്യത്തിന്റെ നൊമ്പരമായി നിരഞ്ജന്‍ അവസാന നിദ്രയിലാണ്ടു.