എല്ലാ ബന്ധങ്ങളും അറ്റുതുടങ്ങി; ഇറാനും സൗദി അറേബ്യയും ഇനി സഹകരിച്ചു മുന്നോട്ടില്ല

റിയാദ്: ഇറാനുമായുളള എല്ലാ ബന്ധങ്ങളും സൗദി അറേബ്യ വിച്ഛേദിച്ചു. വ്യോമഗതാഗതവും അവസാനിപ്പിച്ചു. സൗദിയിലെ വിദേശകാര്യമന്ത്രിയാണ് വ്യോമഗതാഗതം അവസാനിപ്പിച്ച കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തീവ്രവാദ ബന്ധം ആരോപിച്ച് ഷിയ നേതാവ് ഉള്‍പ്പെടെ നാല്‍പ്പത്തിയേഴ് പേരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഷിയ നേതാവിന്റെ വധശിക്ഷയ്ക്ക് പിന്നാലെ ടെഹ്‌റാനിലെ സൗദി എംബസിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചത്. തുടര്‍ന്ന് സൗദി സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈനും ഇറാനുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ നാല്‍പ്പത്തെട്ട് മണിക്കൂറിനുളളില്‍ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടുപോകാനും ബഹ്‌റൈന്‍ ആവശ്യപ്പെട്ടിരുന്നു. സമ്പന്നരാജ്യങ്ങള്‍ പലതും സൗദിക്ക് പിന്നില്‍ അണിനിരന്നേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.