വ്യാജരേഖ ചമച്ചു കോടികള്‍ തട്ടിയ സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ ജപ്തി നടപടി തുടങ്ങി; മൈക്രോ ഫിനാന്‍സിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്

തിരുവനന്തപുരം: വ്യാജരേഖ ചമച്ചു മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ജപ്തി നടപടികള്‍ക്ക് തുടക്കമായി. പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ നേടിയത്. ഈ പണം ഇതുവരെ തിരിച്ചടച്ചിട്ടില്ല. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തി എന്ന പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വായ്പ നല്‍കിയ തുകയുടെ ഉപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുവാന്‍ പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ വെള്ളാപ്പള്ളിക്ക് ആദ്യം നോട്ടീസ് നല്‍കിയത്. ഇതനുസരിച്ച് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടിലാണ് നേരത്തെ നല്‍കിയ വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചത്. ഇതില്‍ ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തിയത്. 2014 ജൂണ്‍ 19നാണ് 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വെള്ളാപ്പള്ളി നടേശനാകട്ടെ ഇതുവരെ നോട്ടീസിന് മറുപടി നല്‍കുകയോ, തുക തിരിച്ചടക്കുകയോ ചെയ്തിട്ടില്ല. ഇതെ തുടര്‍ന്നാണ് ജപ്തി നടപടികള്‍ ആരംഭിച്ചത്. ഇതുസംബന്ധിച്ച നോട്ടീസ് കൊല്ലം ജില്ലാ ഓഫിസില്‍ നിന്നും എസ്എന്‍ഡിപിയുടെ കൊല്ലം ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വെള്ളാപ്പള്ളിയോ എസ്എന്‍ഡിപിയോ പ്രതികരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.