ലാല്‍ സലാം സഖാവെ; സിപിഐ നേതാവ് എ ബി ബര്‍ദന്റെ ശവസംസ്‌കാരം നാളെ

ന്യൂഡല്‍ഹി: ഒരു കാലഘട്ടത്തിനും തലമുറയ്ക്കും വിപ്ലവത്തിന്റെ തീജ്വാല പകര്‍ന്നുനല്‍കിയ സിപിഐ നേതാവ് എ ബി ബര്‍ദന് കണ്ണീരോടെ വിട.
ഇന്നലെ രാത്രി അന്തരിച്ച അദേഹത്തിന്റെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് വച്ചു. നാളെ നിഗംബോധ് ഘട്ടിലാണ് ശവസംസ്‌കാരം.പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ദില്ലിയിലെ ജിബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എ ബി ബര്‍ദന്‍. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. എ ബി ബര്‍ദന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
നേരത്തെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിരുന്നു. ഊജര്‍ജ്ജസ്വലനായി പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം അദ്ദേഹം പങ്കെടുത്തിരുന്നു. ബര്‍ദന്റെ വിയോഗത്തോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. എഐഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ബര്‍ദന്‍ സിപിഐ ക്ക് ഉള്ളില്‍ ഡാങ്കേയിസ്റ്റുകള്‍ക്ക് എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്. സിപിഐ നേതൃത്വം ഏറ്റെടുത്ത ബര്‍ദന്‍ സിപിഐ, സിപിഐഎം പുനരേകീകരണത്തിന് ശക്തിയായി വാദിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ്.
അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എബി ബര്‍ദന്‍ 1924 സെപ്തംബര്‍ 24 ന് നാഗ്പൂരില്‍ ജനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 1957 ല്‍ ജയിച്ചു. നാഗ്പൂരില്‍ നിന്ന് 1967 ലും 1980 ലും ലോകസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 ല്‍ സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത്ത് ഗുപ്തയ്ക്ക് ശേഷം 1996ല്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കരുത്തായി നിലകൊണ്ട ബര്‍ദന്റെ വിയോഗം രാജ്യത്തിന് തന്നെ നഷ്ടമാണെന്ന് വിവിധ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.