കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പൊലീസ് ഉപയോഗിക്കുന്നു; അനീബിന്റെ ഭാര്യ ഡിജിപിയ്ക്ക് പരാതി നല്‍കി

കോഴിക്കോട്: ചുംബന തെരുവ് സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊലീസിനെ മര്‍ദ്ധിച്ചെന്ന് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പൊലീസ് ഉപയോഗിക്കുന്നെന്ന് കാണിച്ച് അനീബിന്റെ ഭാര്യ നസീബ ഡിജിപിയ്ക്ക് പരാതി നല്‍കി.കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്ത തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് ലേഖകനായ അനീബിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് എസ്‌ഐയുടെ കൈവശമാണുള്ളത്. വാട്‌സ്ആപ് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവ ഇപ്പോഴും ഉപയോഗത്തിലാണെന്ന് ഭാര്യ നസീബ നല്‍കുന്ന പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഡിജിപി ടിപി സെന്‍കുമാറിന് നസീബ പരാതി നല്‍കി. ഇന്നലെ വൈകിട്ട് 3.14 വരെ അനീബിന്റെ വാട്‌സ്ആപ് അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി നസീബ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

1359_946338508785202_2888771104791193863_n

അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മനീഷ സേത്തി, വെങ്കിടേഷ് രാമകൃഷ്ണന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവരാണ് പ്രസ്താവന ഇറക്കിയത്. സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ഇത്തരം ഭീഷണികളുടെ നടുവിലാണ്. അനീബിന്റെ പേരില്‍ ഒരൊറ്റ കേസുപോലും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി. വളച്ചൊടിച്ച വാര്‍ത്തകളാണ് പൊലീസ് അനീബിനെതിരെ നല്‍കുന്നത്. വിമര്‍ശനമുന്നയിക്കുന്ന പത്രപ്രവര്‍ത്തകരെ ഒതുക്കാനാണ് ശ്രമമെന്നും ഇവര്‍ പറഞ്ഞു. ഞാറ്റുവേല സാംസ്‌കാരിക സംഘം നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെയാണ് അനീബിനെ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ മര്‍ദിച്ചുവെന്നാണ് അനീബിനെതിരെയുള്ള ആരോപണം. എന്നാല്‍ സ്റ്റേഷനിലെത്തിച്ച തന്നെ പോലീസ് മര്‍ദ്ദിക്കുകയും കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീബ് പറഞ്ഞു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പെടുത്തിയാണ് അനീബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനീബിന് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയിലൂടെയുള്‍പ്പെടെ നിരവധി പേരുടെ പ്രതികരണമാണെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.