കല്‍പറ്റ: പിടിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ സംസ്ഥാനത്തെ ആദ്യ കുറ്റപത്രം വയനാട്ടിലെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ നിന്ന്. ട്രാഫിക് പോലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തി കേസ്സുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. രൂപേഷിനെ കൂടാതെ അനൂപ് മാത്യു,രജീഷ്,ഇബ്രാഹിം എന്നിവരടക്കം 8 പേര്‍ക്കെതിരെയാണ് മാനന്തവാടി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പോലീസുകാരന്‍ പ്രമോദിന്റെ വീട്ടില്‍. മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിരവില്‍പുഴ മട്ടിലയം പാലമൊട്ടം കുന്ന് പ്രമോദിന്റെ വീട്ടിലാണ് 2014 ഏപ്രില്‍ 24ന് രാത്രി പതിനൊന്നരയോടെ സായുധരായ സംഘം എത്തിയതായും, ഒരു പുരുഷനും മൂന്നു സ്ത്രീകളുമടങ്ങുന്ന സംഘം പ്രമോദിന് നേരേ തോക്കു ചൂണ്ടിയതായും പരാതി ഉള്ളത്. പിന്നീട് വീട്ടുകാര്‍ ബഹളം വെച്ചതോടെ പുറത്ത് ചുവരില്‍ പോസ്റ്റര്‍ പതിക്കുകയും വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ട ശേഷം അക്രമി സംഘം പിന്‍വലിഞ്ഞതായുമാണ് കേസ്്. രൂപേഷും, അനൂപും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലും, ഇബ്രാഹിം കോഴിക്കോട് സെന്‍ട്രല്‍ ജയിലിലുമാണുള്ളത്. രജീഷ് കഴിഞ്ഞമാസം ഒന്നാം തീയതി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇവര്‍ക്കെതിരെ 72 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.മറ്റ് 4 പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് ഡവൈഎസ്പി അറിയിച്ചു.കേസിന്റെ അന്വേഷണം വെള്ളമുണ്ട എസ്.ഐ എന്‍.എം ജോസ്, ഡി.വൈ.എസ്.പി എ.ആര്‍ പ്രേകുമാര്‍ ,ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരാണ് നടത്തിയത്. കേരളത്തില്‍ ആദ്യമായാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ഒരു കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.