കിനാലൂര്‍ രാജന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനായ സഹോദരപുത്രനും; യുവാവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി രാജനെ തലക്കടിച്ച് വീഴ്ത്തിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

കോഴിക്കോട്: കിനാലൂര്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ നരിക്കുനി സ്വദേശി രാജനെ കൊന്നത് ഭാര്യയുടെ അനുവാദത്തോടെ സഹോദരപുത്രനായ കാമുകനും കൂട്ടുകാരും. യുവാവും രാജന്റെ ഭാര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി രാജനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. യുവാവും കൂട്ടുകാരും രാജനെയും കൂട്ടി റബ്ബര്‍ എസ്റ്റേറ്റില്‍ മദ്യപിക്കാന്‍ പോയി. അവിടെ വച്ച് രാജന് മദ്യം നല്‍കിയശേഷം തലക്കടിച്ച് വീഴ്ത്തി. അബോധവാസ്ഥയിലായ രാജനെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാന്‍ കഴിയാതെ പൊലീസ് വട്ടം കറങ്ങുകയായിരുന്നു. ഇതിനിടെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ടവര്‍ ലൊക്കേഷന്‍ പരിധിയിലുള്ള ഫോണ്‍ നമ്പറുകളില്‍ ഒന്ന് രാജന്റേതായിരുന്നു. വീട്ടില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ രാജന്‍ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ദിവസമായിട്ടും മടങ്ങി വരാതിരുന്നതിനെ പറ്റി അന്വേഷിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. രാജന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 21നാണു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്നു മുക്കാല്‍ കിലോമീറ്റര്‍ മാറി രക്തത്തുള്ളികളും മുളകുപൊടിയും കണ്ടെത്തിയിരുന്നു. രാജന്റെ ഭാര്യയും യുവാവും തമ്മിലുള്ള വഴിവിട്ട ബന്ധം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു. കൊലപാതകവിവരം പുറത്തുവന്നതോടെയാണ് കിനാലൂര്‍ അക്ഷരത്തില്‍ ഞെട്ടിയത്.

© 2024 Live Kerala News. All Rights Reserved.