യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് വന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും? നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരെ കാത്തിരിക്കില്ല

ന്യൂഡല്‍ഹി: പുതുവത്സര ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ മാസം 27ന് രാഹുല്‍ യൂറോപിലേക്ക് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാലുടന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്ന് സൂചന. പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നത മുറയ്ക്കായിരിക്കും പദവി ഏറ്റെടുക്കുക. ഈ മാസം എട്ടിന് ശേഷമായിരിക്കും അദ്ദേഹം യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുക. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ചുചചേര്‍ത്തേക്കും. രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും കേരളം, ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ അധ്യക്ഷപദത്തിലെത്തുമെന്നും ഇദ്ദേഹം പറയുന്നു. ഏപ്രില്‍മെയ് മാസങ്ങളിലാണ് നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലും ആസാമിലും ഭരണം നിലനിര്‍ത്തുക കോണ്‍ഗ്രസിന് അനിവാര്യമാണ്. രാഹുലിന്റെ സ്ഥാനാരോഹണം പാര്‍ട്ടി അണികളില്‍ പുത്തനുണര്‍വ് ഉണ്ടാക്കുമെന്നും ഇത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് കരുതുന്നത്. രാഹുലിന്റെ സ്ഥാനാരോഹണത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നതാണെന്നും എന്നാല്‍ ഇതില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് സ്വീകരിക്കുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിലവില്‍ അഭിപ്രായ ഭിന്നതകളൊന്നും ഉടലെടുത്തിട്ടില്ലെന്നാണറിയുന്നത്.

© 2024 Live Kerala News. All Rights Reserved.