ആം ആദ്മി സംസ്ഥാന നേതൃത്വത്തില്‍ പൊട്ടലും ചീറ്റലും; സാറാ ജോസഫ് രാജിവെച്ചു; സോമഭാരതി എംഎല്‍എയുടെ സന്ദര്‍ശനം വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു

തൃശൂര്‍: സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലും അതിന്റെ പാരമ്യത്തിലെത്തിയതോടെ സാറാജോസഫ് രാജിവെച്ചു. സാറാ ജോസഫ് സംസ്ഥാന കണ്‍വീനര്‍സ്ഥാനമാണ് ഒഴിഞ്ഞത്. സൗത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു സോമനാഥ് ഭാരതിയുടെ കേരളത്തിലെ പല കൂടിക്കാഴ്ചകളുമെന്നാണ് ആക്ഷേപം. ആത്മീയനേതാക്കളും അഴിമതി ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുമായുള്ള സൗഹൃദം പങ്കുവെക്കലുകള്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും അതൃപ്തിയുയര്‍ന്നിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന കണ്‍വീനര്‍ സാറ ജോസഫ് തല്‍സ്ഥാനം രാജിവെച്ച് സാധാരണ അംഗമായി തുടരാന്‍ തീരുമാനിച്ചത്. ജനങ്ങളോടുള്ള ബാധ്യത പരമപ്രധാനമാണെന്നും സംശയത്തിനിട നല്‍കുന്ന സമീപനം നേതൃത്വം തന്നെ സ്വീകരിച്ചാല്‍ അത് അംഗീകരിക്കാനാകില്ലെന്നുമാണ് സാറ ജോസഫിന്റെ നിലപാട്. ഇക്കാര്യം അവര്‍ കേന്ദ്രനേതൃത്വത്തെയും അറിയിച്ചു. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനായുള്ള മിഷന്‍ വിസ്താറിന്റെ കാലാവാധി കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചതുമുതല്‍ സാറ ജോസഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനഘടകം സ്ഥാനങ്ങള്‍ രാജിവെക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ മറ്റൊരു സംവിധാനമാകുന്നതുവരെ ഈ കമ്മറ്റി തന്നെ തുടരാനാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചത്. ഇതിനിടയിലാണ് സോമനാഥ് ഭാരതിയുടെ നീക്കം സംസ്ഥാന ഭാരവാഹികളെ ചൊടിപ്പിച്ചത്. ഇതാണ് പിന്നീട് സാറജോസഫിന്റെ രാജിയില്‍ കലാശിച്ചത്.

© 2024 Live Kerala News. All Rights Reserved.