ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി പരമാവധി രാജ്യങ്ങള്‍ കണ്ടു മടങ്ങിയതിനാല്‍ വിദേശയാത്ര കുറയ്ക്കാന്‍ തീരുമാനിച്ചു. ഇനി കുറച്ചുകാലം സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കുറയും. വിദേശ യാത്രകള്‍ കുറച്ച് ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫിസാണ് സൂചന നല്‍കിയത്. 2016ല്‍ പുതിയ യാത്രകള്‍ നടത്തിലെങ്കിലും നേരത്തെ ചെല്ലുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്തും. അധികാരത്തിലേറി 19 മാസങ്ങള്‍ പിന്നിടുമ്പോള്‍ 33 രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത്. ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള രാജ്യാന്തര ഉച്ചകോടികളിലും സന്ദര്‍ശനങ്ങളിലുമായിരിക്കും മോദി പങ്കെടുക്കുക. മോദിയുടെ തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനങ്ങള്‍ പ്രതിപക്ഷത്തിന്റെ അടക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്‍ആര്‍ഐ പ്രധാനമന്ത്രിയെന്നതടക്കമുള്ള കളിയാക്കലുകളും മോദിക്കെതിരെ ഉയര്‍ന്നിരുന്നു. 200 കോടി രൂപയാണ് മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്നും എന്ത് ഫലമാണ് ഇതില്‍ നിന്ന് ഉണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. തന്റെ പ്രശസ്തിക്കുവേണ്ടിയും സെല്‍ഫി എടുക്കുന്നതിനുവേണ്ടിയുമാണ് അദ്ദേഹം സന്ദര്‍ശനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിസിറ്റിയ്ക്കാണ് മോദിയുടെ വിദേശയാത്രയെന്ന് ടെലഗ്രാഫ്‌സ് പോലുള്ള പത്രങ്ങള്‍ വിമര്‍ശിച്ചിരുന്നു.